ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ട്രൈസ്റ്റേറ്റ് - ന്യൂജഴ്സി റീജനൽ വൈസ് പ്രസിഡന്റായി (ആർവിപി) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ മാലിനി നായർ ചുമതലയേൽക്കും.
തിരുവനന്തപുരം സ്വദേശിനിയായ മാലിനി നായർ നിലവിൽ ന്യൂജഴ്സിയിലാണ് താമസം. എൻജിനിയറിംഗ് ബിരുദധാരിയായിരുന്ന അവർ, നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം പ്രഫഷനൽ ജീവിതമായി നൃത്തത്തെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
പ്രശസ്ത ഭരതനാട്യം, മോഹിനിയാട്ടം നർത്തകിയായ അവർ 2008ൽ സൗപർണിക ഡാൻസ് അക്കാദമി സ്ഥാപിക്കുകയും നിരവധി വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ നേതൃത്വമാണ് മാലിനി നായർ.
കാഞ്ച് (കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി), നാമം എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങൾ ഉൾപ്പെടെ പ്രാദേശിക, ദേശീയ തലങ്ങളിലെ വിവിധ സംഘടനകളിൽ അവർ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ രണ്ടുതവണ "മലയാളി മങ്ക' പട്ടം നേടി.
ഫോമാ മയൂഖം നാഷനൽസിൽ "മിസ് വിവേഷ്യസ്' പട്ടവും സ്വന്തമാക്കി. ദുബായി ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ നോർത്ത് അമേരിക്കയിലും വിദേശത്തും നിരവധി വേദികളിൽ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മാലിനി നായരുടെ ഭർത്താവ് ജയകൃഷ്ണൻ മണിയിൽ ആണ്. അർജുൻ നായർ, അജയ് നായർ എന്നിവരാണ് മക്കൾ.
പ്രഫഷണൽ മികവും സംഘടനാ നേതൃത്വത്തിലെ വിപുലമായ അനുഭവപരിചയവും കലാ സാംസ്കാരിക രംഗത്തെ മാലിനി നായരുടെ പ്രാഗത്ഭ്യവും ട്രൈ-സ്റ്റേറ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവരും മാലിനി നായർക്ക് ആശംസകൾ നേർന്നു.